Benchmarks
View scores and output across OCR models spanning many document categories.
Want to run these evals on your own documents?
Talk to Salesനം. NEP-3/80281/07
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം
തീയതി : 09.03.2012
അടിയന്തിരം
എല്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും,
വിഷയം:- പൊതുവിദ്യാഭ്യാസം - സർക്കാർ പ്രൈമറി സ്കൂളുകൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിൽ നിന്നും ഐ.ടി ഉപകരണങ്ങൾ ലഭ്യമാക്കുന്നത് - സംബന്ധിച്ച്-
സൂചന:
1) എൻ.ഇ.പി-3/80281/07 നമ്പറിൽ 15.02.2012-ലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നടപടിക്രമ ഉത്തരവ്
2) സ.ഉ(സാധാ) നം.808/2012/പൊ.വി. നമ്പറിലെ 21.02.2012-ലെ സർക്കാർ ഉത്തരവ്.
3) സ.ഉ(സാധാ)നം.679/2012/ത.സ്വ.ഭ.വ നമ്പറിലെ 06.03.2012-ലെ സർക്കാർ ഉത്തരവ്.
സൂചന ഉത്തരവുകൾ ശ്രദ്ധിച്ചാലും. സ്കൂളുകളിലേയ്ക്ക് ഐ.ടി ഉപകരണങ്ങൾ വാങ്ങുമ്പോൾ നൽകാവുന്ന പരമാവധി വില, ഉണ്ടായിരിക്കേണ്ട ചുരുങ്ങിയ സ്പെസിഫിക്കേഷൻ, വില്പനാന്തര സേവന വ്യവസ്ഥകൾ തുടങ്ങിയവ നിഷ്കർഷിക്കുന്ന നടപടിക്രമ ഉത്തരവ് സൂചന 1 പ്രകാരം പുറത്തിറക്കിയിട്ടുണ്ട്. ഐ.സി.ടി സ്കീമിനുവേണ്ടി കെൽട്രോൺ ദേശീയ ടെണ്ടർ വിളിച്ചപ്പോൾ ലഭിച്ച നിരക്കും സ്പെസിഫിക്കേഷനും അനുസരിച്ചാണ് പ്രസ്തുത ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് സ്കൂളുകളിലേയ്ക്കുള്ള മുഴുവൻ പർച്ചേസുകൾക്കും ബാധകമാക്കി സൂചന 2 പ്രകാരം സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഈ വർഷം പദ്ധതി വിഹിതത്തിൽ സർക്കാർ എൽ.പി-യു.പി സ്കൂളുകൾക്ക് ഐ.ടി ഉപകരണങ്ങൾ വാങ്ങാനായി ചിലവാക്കാം എന്ന് നിഷ്കർഷിക്കുന്ന ഉത്തരവ് സൂചന 3 പ്രകാരം തദ്ദേശ ഭരണവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. അതിനാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സ്കൂളുകളിലേയ്ക്ക് ഐ.ടി ഉപകരണങ്ങൾ സൂചന 1-ലെ മാർഗനിർദേശങ്ങൾക്കനുസരിച്ച് ലഭ്യമാക്കാൻ കെൽട്രോണിന് നേരിട്ട് ഓർഡർ നൽകാം. സൂചന 3 ഉത്തരവ് പ്രകാരം എൽ.പി.സ്കൂളുകൾക്ക് പരമാവധി 1.35 ലക്ഷം രൂപ വരെയും യു.പി. സ്കൂളുകൾക്ക് പരമാവധി 1.85 ലക്ഷം രൂപവരെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ചെലവാക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഒരു യു.പി. സ്കൂളിന് ആറു കമ്പ്യൂട്ടർ (ലാപ് ടോപ്), ഒരു പ്രോജക്ടർ, ഒരു മൾട്ടിഫംഗ്ഷൻ പ്രിന്റർ എന്ന രൂപത്തിലും എൽ.പി. സ്കൂളിന് നാലു കമ്പ്യൂട്ടർ (ലാപ് ടോപ്), ഒരു പ്രോജക്ടർ, ഒരു മൾട്ടിഫംഗ്ഷൻ പ്രിന്റർ എന്ന രൂപത്തിലും ഇതനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഈ സാമ്പത്തികവർഷം തന്നെ വാങ്ങി നൽകാവുന്നതാണ്. ഹാർഡ് വെയർ ഉപകരണങ്ങളുടെ നിരക്കുകളും (ലാപ് ടോപ്: 23,300/-രൂപ, ഡെസ്ക് ടോപ്: 22,400/- രൂപ, മൾട്ടിമീഡിയ പ്രോജക്ടർ: 22,000/-രൂപ, മൾട്ടിഫംഗ്ഷൻ പ്രിന്റർ: 7,750/-രൂപ ...എന്നിങ്ങനെ) വിശദാംശങ്ങളും സൂചന 1-ൽ നൽകിയിട്ടുണ്ട്.
മേൽ സാഹചര്യത്തിൽ താങ്കളുടെ ഉപജില്ലയുടെ പരിധിയിൽ വരുന്ന എല്ലാ സർക്കാർ എൽ.പി-യു.പി സ്കൂളുകളിലെ പ്രഥമാദ്ധ്യാപകരോടും തങ്ങളുടെ സ്കൂളുകളിലേയ്ക്ക് ആവശ്യമായ ഐ.ടി ഉപകരണങ്ങൾ ലഭ്യമാക്കാൻ അവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ പ്രത്യേക അപേക്ഷ നൽകാൻ ആവശ്യപ്പെടണം. ഇപ്രകാരം അപേക്ഷ നൽകുമ്പോൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ മേൽക്കത്തോടെ നൽകുന്നതാണ് അഭികാമ്യം. ഇക്കാര്യം മാർച്ച് 13-നു മുമ്പ് തന്നെ എല്ലാ പ്രഥമാദ്ധ്യാപകരേയും അറിയിക്കണം. ഇപ്രകാരം അപേക്ഷ നൽകിയ സ്കൂളുകളുടെ വിവരം മാർച്ച് 15-നു മുമ്പ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ നൽകണം. സൂചനയിൽ പരാമർശിച്ച ഉത്തരവുകളെല്ലാം www.education.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്.
വിശ്വസ്തതയോടെ,
എ. ഷാജഹാൻ. ഐ.എ.എസ്
(പൊതുവിദ്യാഭ്യാസ ഡയറക്ടർ)
പകർപ്പ്: എല്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർക്കും
വിദ്യാഭ്യാസ ജില്ലാ ഓഫീസർമാർക്കും.